Thursday, 22 January 2015

ടി സി എസ്: തൊഴിലാളികളെ പുറത്താക്കിയതിന് പിന്നില്‍ കോര്‍പ്പറേറ്റ് ലാഭക്കൊതി-പി രാജീവ് എം പി


ടി സി എസ്: തൊഴിലാളികളെ പുറത്താക്കിയതിന് പിന്നില്‍ കോര്‍പ്പറേറ്റ് ലാഭക്കൊതി-പി രാജീവ് എം പി


Jan 22 2015 09:01 AM
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ നിന്ന് പ്രൊഫണലുകളെ പിരിച്ചുവിടുന്നതിനെതിരെ രാഷ്ട്രീയ പ്രതിഷേധം ശക്തമാവുകയാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടിസിഎസിന്റെ സ്ഥാപനത്തില്‍ നിന്ന് നൂറോളം പേരെയാണ് പിരിച്ചുവിട്ടത്. രാജ്യത്താകമാനം ഇത്തരത്തിലുള്ള അനധികൃതമായ പിരിച്ചുവിടലുകള്‍ നടക്കുന്നുണ്ടെന്നാണ് ജീവനക്കാരുടെ പരാതി. ഇതിനെതിരെ ഇന്നലെ കൊച്ചി ഇന്‍ഫോപാര്‍ക്കിനു മുന്നില്‍ അസോസിയേഷന്‍ ഓഫ് ഐ ടി എംപ്ലോയീസ് (സി ഐ ടി യു) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയ്ക്ക് മുന്നോടിയായി ഐ ടി ജീവനക്കാരും തൊഴിലാളികളും ഇന്‍ഫോപാര്‍ക്കിന് മുന്നിലേക്ക് പ്രകടനം നടത്തി. പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തത് സിപിഎം എറണാകുളം ജില്ല സെക്രട്ടറിയും രാജ്യസഭാംഗവുമായ പി രാജീവ് ആയിരുന്നു. കുറഞ്ഞ കൂലിക്ക് ആളെ കിട്ടുമെന്നതുകൊണ്ടാണ് നഷ്ടത്തിന്റെ പേരുപറഞ്ഞ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നായിരുന്നു രാജീവ് ഉയര്‍ത്തിയ പ്രധാന വിമര്‍ശനം. ഈ വിഷയത്തില്‍ പി രാജീവ് എം പി അഴിമുഖത്തോട് സംസാരിക്കുന്നു. (തയ്യാറാക്കിയത്- രാകേഷ് നായര്‍)

കുറഞ്ഞ കൂലി നല്‍കി തൊഴിലെടുപ്പിക്കുക എന്ന പ്രവണത എന്നും മുതലാളിത്തത്തിന്റെ പതിവായിരുന്നു. ലോകത്താകമാനം ഈ കൊള്ളയ്‌ക്കെതിരെ തൊഴിലാളി പ്രക്ഷോഭങ്ങള്‍ ഉയരുകയും തത്ഫലമായി അര്‍ഹതപ്പെട്ട വേതനം തൊഴിലാളിക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയുമായിരുന്നു. എന്നാല്‍ എല്ലാ തൊഴില്‍മേഖലയിലും ഇത് സംഭവ്യമാകുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ല എന്നു തന്നെ പറയേണ്ടിവരും. തൊഴില്‍ ചൂഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കോര്‍പ്പറേറ്റ് ഭീമന്മാര്‍ കോടികള്‍ കൊയ്‌തെടുക്കുന്നത് വലിയ അളവില്‍ തൊഴിലാളികളെ ചൂഷണം ചെയ്തുകൊണ്ടുതന്നെയാണ്. എന്നാല്‍ ഇതിനെതിരെ തൊഴില്‍ ചെയ്യുന്നവരില്‍ നിന്നുപോലും പ്രതികരണങ്ങള്‍ ഉണ്ടാവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങള്‍ക്കാവശ്യമുള്ള സമയത്തോളം ജോലിയെടുപ്പിക്കുകയും ആവശ്യമില്ലെന്ന് കണ്ടാല്‍ പിരിച്ചുവിടുകയും ചെയ്യുകയുമാണ്.

കുറഞ്ഞ വേതനത്തില്‍ തൊഴിലെടുപ്പിക്കുകയാണ് ഇപ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ കണ്ടുവരുന്ന പുതിയ പ്രവണത. ഐ ടി രംഗത്താണ് ഇത് കൂടുതലായും നടക്കുന്നത്. അനേകായിരം യുവാക്കള്‍ ദിനംപ്രതി കടന്നുവരുന്ന തൊഴില്‍ മേഖലയാണിത്. ഈ തള്ളിക്കയറ്റം തന്നെയാണ് ഒരുതരത്തില്‍ ഐ ടി കമ്പനികള്‍ മുതലെടുക്കുന്നതും. അവര്‍ക്ക് തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുക്കാന്‍ ആളെ കിട്ടുകയാണ്. ജോലി ആവശ്യമുള്ളതുകൊണ്ട് നമ്മുടെ യുവത്വം ഇവിടെ കീഴടങ്ങുകയും ചെയ്യുന്നു. ഫ്രഷ് ആയിട്ടുള്ളവരും അധികം എക്‌സ്പീരിയന്‍സ്ഡ് അല്ലാത്തവരുമായ ആളുകളെ ജോലിക്കെടുക്കാനാണ് ഇപ്പോള്‍ ഐ ടി കമ്പനികള്‍ താല്‍പര്യം കാണിക്കുന്നത്. ഇതിന്റെ ഭാഗമായാണ് എക്‌സ്പീരിയന്‍സ്ഡ് ആയവരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഈ കമ്പനികള്‍ തീരുമാനിക്കുന്നത്.



ടിസിഎസില്‍ സംഭവിച്ചിരിക്കുന്നത് ഇതു തന്നെയാണ്. മികച്ച സേവനത്തിനുള്ള അവാര്‍ഡ് വരെ നേടിയവരെയാണ് തൊഴില്‍ വൈദഗ്ധ്യം ഇല്ലെന്ന പേരില്‍ പുറത്താക്കിയിരിക്കുന്നത്. മറ്റൊരു ന്യായം കമ്പനി ലാഭത്തിലല്ലെന്നതാണ്. അവരുടെ ലാഭത്തിന്റെ കണക്ക് നമ്മളെല്ലാവരും അറിഞ്ഞതാണ്. അപ്പോള്‍, അവാസ്തവമായ കാരണങ്ങള്‍ നിരത്തി തൊഴിലാളികളെ അധാര്‍മികമായി പുറത്താക്കുന്നത് അവരുടെ ലാഭക്കൊതി ഒന്നുകൊണ്ടുമാത്രമാണ്. കൂടുതല്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് ഭീമമായ ശമ്പളം കൊടുക്കേണ്ടി വരുന്നിടത്ത് അതിന്റെ പകുതിപോലും കൊടുക്കാതെ മറ്റുള്ളവരെ കൊണ്ട് ജോലി ചെയ്യിപ്പിച്ച് കമ്പനിക്ക് കോടികള്‍ സേവ് ചെയ്യാം.

നിലവില്‍ ടിസിഎസ് ആണ് ഇത്തരമൊരു തൊഴിലാളി വിരുദ്ധപ്രവര്‍ത്തം പ്രത്യക്ഷത്തില്‍ നടത്തിയിട്ടുള്ളതെങ്കിലും അധികം വൈകാതെ മറ്റുകമ്പനികളിലും ഇത് നടപ്പിലാകുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ കമ്പനി നോട്ടീസ് നല്‍കി പിരിച്ചുവിട്ടവരാണ് പങ്കെടുക്കുന്നത്. മറ്റുള്ളവര്‍ മൗനം പാലിച്ച് അകന്നു നില്‍ക്കുകയാണ്. നാളെ അവരെയും കാത്തിരിക്കുന്ന ദുര്‍വിധി ഇതൊക്കെ തന്നെയാണ്. നിയമവും നിയമം നടപ്പിലാക്കേണ്ടവരും കോര്‍പ്പറേറ്റുകളുടെ വഴിയെ നടക്കുന്ന കാഴ്ചയാണ് നമുക്ക് ഇപ്പോള്‍ കാണേണ്ടി വരുന്നത്. തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഇടപെടേണ്ടത് പാര്‍ലമെന്റാണ്. എന്നാല്‍ പാര്‍ലമെന്റിന് ഇതില്‍ എത്രത്തോളം കാര്യക്ഷമമായി ഇടപെടാന്‍ കഴിയുമെന്നതിലും നമുക്ക് ഉറപ്പില്ല. അതിനാല്‍ പുറത്ത് നിന്നുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. പൊതുവെ അസംഘടിതമായ തൊഴില്‍ മേഖലയായാണ് ഐ ടി മേഖലയെക്കുറിച്ച് പറയുന്നത്. സംഘടിതമായി നില്‍ക്കേണ്ടതിന്റെ ആവശ്യകത അവരിപ്പോള്‍ അറിയുന്നുണ്ടാവും. അനുഭവങ്ങളില്‍ നിന്നാണ് നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന തരത്തില്‍ നിയമം മാറുന്നത് രാഷ്ട്രീയമായാണ്. അങ്ങനെവരുമ്പോള്‍ ഐ ടി മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം രാഷ്ട്രീയമാണ്. അപ്പോള്‍ അതിനെതിരെയുള്ള പ്രതികരണങ്ങള്‍ക്കും രാഷ്ട്രീയം തന്നെയാണ് വഴി.

No comments:

Post a Comment