Saturday, 24 January 2015

അമേരിക്കയെ വിറപ്പിക്കുന്ന ഇറാഖിലെ ഒളിവെടിക്കാര്‍

അമേരിക്കയെ വിറപ്പിക്കുന്ന ഇറാഖിലെ ഒളിവെടിക്കാര്‍


Jan 24 2015 07:40 AM
ആഡം ടെയ്‌ലര്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ക്രിസ് കെയില്‍ എന്ന യു എസ് സേനാ ചരിത്രത്തിലെ ഏറ്റവും മിടുക്കനായ ലക്ഷ്യം തെറ്റാത്ത വെടിവെപ്പുകാരന്റെ കഥയാണ്, വിവാദവും വിജയവും ഒരുപോലെ കിട്ടിയ 'American Sniper' എന്ന ചലച്ചിത്രം. എന്നാല്‍ കെയിലിന്റെ എതിരാളിയായി ചിത്രത്തിലവതരിപ്പിക്കുന്ന, രഹസ്യം നിറഞ്ഞ മറയില്‍ ഒളിച്ച 'മുസ്തഫ' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു മുന്‍ സിറിയന്‍ ഒളിമ്പ്യനാണ് യഥാര്‍ത്ഥ താരം.

എന്നാല്‍ ചലച്ചിത്രത്തിനാധാരമായ ആത്മകഥയില്‍ മുസ്തഫയെ കുറിച്ച് ഒരു ഖണ്ഡികയെ ഉള്ളൂ. 'ഞങ്ങള്‍ കേട്ട വാര്‍ത്തകള്‍ വെച്ചു മുസ്തഫ ഒളിംപിക്‌സില്‍ പങ്കെടുത്ത ഒരു വെടിവെപ്പുകാരനാണ്. ഇപ്പോള്‍ അമേരിക്കയുടെയും ഇറാഖിന്റെയും സൈനികര്‍ക്കും പൊലീസുകാര്‍ക്കും നേരെ ആ കഴിവെല്ലാം ഉപയോഗിക്കുന്നു,' കെയില്‍ എഴുതുന്നു. 'അയാളുടെ കഴിവുകള്‍ പ്രകീര്‍ത്തിച്ചു നിരവധി ദൃശ്യങ്ങള്‍ വന്നിട്ടുണ്ട്. ഞാനയാളെ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ മറ്റ് ഒളിവെടിവെപ്പുകാര്‍ കൊന്ന ഒരു ഇറാഖി ഒളിവെടിവെപ്പുകാരന്‍ ഇയാളാണെന്ന് ഞങ്ങള്‍ കരുതുന്നു.'

മുസ്തഫ വാസ്തവമോ കെട്ടുകഥയോ എന്നു ഇപ്പോഴും ഉറപ്പില്ല. എന്നാല്‍ ഇതുപോലെ നിരവധി ഇറാഖി ഒളിവെടിവെപ്പുകാര്‍ കലാപകാരികളിലുണ്ട്. ഒരുപക്ഷേ ഏറ്റവും കേമനെന്ന് കൊണ്ടാടുന്നത്, സുന്നി കലാപകാരികളായ ഇറാഖിലെ ഇസ്‌ളാമിക സൈന്യം എന്നറിയുന്ന സംഘത്തിലെ 'ജൂബ'യെയാണ്. 2005നും 2007നും ഇയാളെ പുകഴ്ത്തുന്ന നിരവധി ദൃശ്യങ്ങള്‍ വന്നു. കൊന്നവരുടെ എണ്ണക്കണക്കുകള്‍ പത്തും നൂറുമായി പെരുകി.

എബിസി ന്യൂസ് പറയുന്നത്, ഒരു ജൂബ ദൃശ്യത്തില്‍ അമേരിക്കന്‍ സേനക്ക് നേരെ ഡസനോളം ആക്രമണങ്ങള്‍ കാണിക്കുന്നു എന്നാണ്. അതില്‍ 143 യു എസ് സൈനികരെ കൊന്നതായാണ് അയാള്‍ അവകാശപ്പെടുന്നത്. 'തോക്കുകൊണ്ട് എന്താണ് ചെയ്യേണ്ടെതെന്ന് അയാള്‍ക്കറിയാം,' എന്നാണ് ദൃശ്യങ്ങള്‍ കണ്ട, വിരമിച്ച മേജര്‍ ജോണ്‍ പ്ലാസ്റ്റര്‍ പറഞ്ഞത്. 'ഒരു വെടിയുതിര്‍ക്കുന്നതിനും രക്ഷാമാര്‍ഗം ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കാനും, പിടികൊടുക്കാതെ പെട്ടെന്നു മറയാനും വേണ്ട വിലയിരുത്തലും അച്ചടക്കവും അയാള്‍ക്കുണ്ട്. വെറും സാഹസികനല്ല അയാള്‍; നല്ല കണക്കുകൂട്ടലുള്ള ഒരു വെടിക്കാരനാണ്.'



ഒരിക്കല്‍ ഒരു ദൃശ്യത്തില്‍ യു എസ് പ്രസിഡന്റിന് ഒരു സന്ദേശമയക്കുകവരെ ചെയ്തു ജൂബ. 'എന്റെ തോക്കില്‍ 9 ഉണ്ടകളുണ്ട്. പ്രസിഡണ്ട് ബുഷിന് ഞാനൊരു സമ്മാനം നല്‍കുന്നു,' അയാള്‍ പറയുകയാണ്. 'ഞാന്‍ 9 പേരെ കൊല്ലാന്‍ പോകുന്നു.'

ഒളിവെടിക്കാര്‍ യുദ്ധമുഖത്ത് എക്കാലത്തും നിഗൂഢ പരിവേഷം കലര്‍ന്ന ഭീതി ജനിപ്പിച്ചിരുന്നു. സ്റ്റാലിന്‍ഗാര്‍ഡ് പോരാട്ടത്തില്‍ സോവിയറ്റ് വെടിക്കാരന്‍ വാസിലി സയറ്റ്‌സേവ് 200 ജര്‍മ്മന്‍കാരെ കൊന്നെന്നാണ് കണക്ക്. ഒരു ജര്‍മന്‍ എതിരാളിയുമായുള്ള അയാളുടെ ഏറ്റുമുട്ടല്‍ കെട്ടുകഥയാകാനാണ് സാധ്യതയെങ്കിലും. 1939-1940 ല്‍ നടന്ന ഫിന്‍ലാന്‍ഡ-് സോവിയറ്റ് യൂണിയന്‍ ശൈത്യ യുദ്ധത്തില്‍ 500ലേറെ സോവിയറ്റ് ഭടന്മാരെ കൊന്ന ഫിന്‍ലാന്‍ഡ് സൈനികന്‍ സിമോ ഹായ്ഹ ഒരു ദേശീയ നായകനായി മാറി.

മിക്ക പോരാട്ടങ്ങളും നഗരപ്രദേശങ്ങളില്‍ നടക്കുന്ന ഇറാഖില്‍ ഒളിവെടിക്കാര്‍ യു എസ് സേനക്ക് വലിയ ഭീഷണിയാണ്. ബാഗ്ദാദിലെ ഒളിവെടി ദൗത്യങ്ങള്‍ മനഃശാസ്ത്രപരമായ യുദ്ധതന്ത്രത്തില്‍ സഹായിക്കുന്നു എന്നാണ് ഇസ്ലാമിക് ആര്‍മിയുടെ ഡി വി ഡി ദൃശ്യങ്ങള്‍ കാണിക്കുന്നത്.

കുറച്ച് വര്‍ങ്ങള്‍ക്കുശേഷം ജൂബ തന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ച പോലെയായി. അയാള്‍ കൊല്ലപ്പെട്ടെന്നും ഒരിക്കലും ഒരൊറ്റ വ്യക്തിയാകില്ലെന്നും രണ്ടഭിപ്രായമുണ്ട്. ജൂബ യു എസ് സേന സൃഷ്ടിച്ചെടുത്ത ഒരു സാങ്കല്‍പ്പിക കഥയാണെന്നാണ് 2007ല്‍ ക്യാപ്റ്റന്‍ ബ്രെന്ദന്‍ ഹോബ്‌സ് പറഞ്ഞത്. ജൂബ കൊന്നുതള്ളിയവരുടെ കണക്കില്‍ എന്തായാലും അതിശയോക്തിയുണ്ട്.



പക്ഷേ ജൂബ കഥക്ക് ഓണ്‍ലൈനില്‍ നല്ല പ്രചാരമാണ്. ജൂബയുടെ സാഹസിക ദൃശ്യങ്ങളുടെ പേരിലുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഒരു സമയത്ത് ഇംഗ്ലീഷിലും ഫ്രഞ്ചിലും സന്ദേശങ്ങളുമായി ഇയാളുടെ പേരില്‍ വെബ്‌സൈറ്റ് വരെ വന്നു. ജൂബ ഒരു ഇസ്രയേലി ചാരനാണെന്ന കിടിലന്‍ കഥാന്ത്യം വരെ സൂചിപ്പിക്കുന്ന വാര്‍ത്തകളും പരന്നു.

മുസ്തഫയും ജൂബയും പോലെ ക്രിസ് കെയിലും കഥയും വാസ്തവുമായി ഇഴപിരിഞ്ഞുകിടക്കുന്നു. കലാപകാരികള്‍ക്കിടയില്‍ കെയിലിന്റെ വിളിപ്പേര് 'റമാദിയിലെ ചെകുത്താന്‍' എന്നത്രേ! ഒരോര്‍മക്കുറിപ്പില്‍ ഇറാഖിലുണ്ടായിരുന്ന ഒരു മുന്‍സൈനികന്‍ അലെക്‌സ് ഹോര്‍ടൈന്‍ NewYork Timse ല്‍ എഴുതി 'അമേരിക സൈനികര്‍ക്ക് ജൂബ ഭീകരനാണ്, എന്നാല്‍ കലാപകാരികള്‍ക്ക് അയാള്‍ ഒരു പ്രചോദനം നല്‍കുന്ന ഇതിഹാസമാണ്. നമുക്ക് ജൂബയെക്കുറിച്ചെന്നപോലെ ഇറാഖിലെ കലാപകാരികള്‍ക്ക് റമാദിയിലെ ചെകുത്താനെക്കുറിച്ചും ഇതേ ആശങ്കകളും സംശയങ്ങളും ഉണ്ടായിരിക്കും എന്നുറപ്പാണ്.'

No comments:

Post a Comment