Thursday, 29 January 2015

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ബി ജെ പി കളിക്കും

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ബി ജെ പി കളിക്കും


Jan 29 2015 05:21 AM
ടീം അഴിമുഖം
ഭാരതീയ ജനതാ പാര്‍ടി ദേശീയ രാഷ്ട്രീയത്തിലെ പ്രധാന കളിക്കാരന്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ബി സി സി ഐയുടെയും ഭാവിയെ സംബന്ധിച്ച പ്രധാന തീരുമാനമെടുക്കുന്ന കക്ഷി കൂടിയാണ്.

അടുത്തവട്ടം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും ആരോപണവിധേയനായ ബി സി സി ഐ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസനെ സുപ്രീം കോടതി വിലക്കിയതോടെ ശരദ് പവാര്‍, ശശാങ്ക് മനോഹര്‍, ജഗ്മോഹന്‍ ഡാല്‍മിയ എന്നിവരുടെ വിഭാഗങ്ങളെല്ലാം അടുത്ത നീക്കം ആസൂത്രണം ചെയ്തുതുടങ്ങി. അത് ഏറ്റവും ജനപ്രിയമായ കളിയുടെ നിയന്ത്രണം മാത്രമല്ല, ശതകോടികളുടെ പണക്കണക്ക് കൂടിയാണ്.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ സംബന്ധിച്ചു തീരുമാനമെടുക്കുന്ന ഏറ്റവും വലിയ കക്ഷി ഭരണകക്ഷിയായ ബി ജെ പിയാണ്. സര്‍വീസസ്, സര്‍വ്വകലാശാലകള്‍, റെയില്‍വേ എന്നീ വോട്ടുകളടക്കം 30-ല്‍ കുറഞ്ഞത് 8 വോട്ടുകളുടെ നിയന്ത്രണമുള്ള ബി ജെ പി നിര്‍ണായക ശക്തിയാകും.

അതുകൊണ്ടാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോഴത്തെ അദ്ധ്യക്ഷനും ബി ജെ പി അദ്ധ്യക്ഷനുമായ  അമിത് ഷായും ബി സി സി ഐ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളാകുന്നത്.

പവാര്‍ വിഭാഗം ബി ജെ പി ഉന്നത നേതൃത്വവുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. ശ്രീനിവാസനെ പുറത്താക്കലെന്ന ദൌത്യം സുപ്രീം കോടതി വിധിയുടെ സഹായത്തോടെ സാധിച്ചെങ്കിലും അടുത്ത അധ്യക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അല്പം അനിശ്ചിതത്വം നിലനില്‍ക്കുന്നു.



നാഷണല്‍ കോണ്ഗ്രസ് പാര്‍ടി അദ്ധ്യക്ഷന്‍ പവാറിന് ബി ജെ പിയുടെ പിന്തുണയുണ്ട്. ബി സി സി ഐ അദ്ധ്യക്ഷസ്ഥാനം പവാര്‍ കൊതിക്കുന്നു എന്നത് ഒരു രഹസ്യവുമല്ല. പക്ഷേ ബി ജെ പി പവാറിനെ പരസ്യമായി പിന്തുണക്കുമോ എന്നു കണ്ടറിയണം. ഒബാമ സന്ദര്‍ശനത്തിന്റെ തിരക്കൊഴിഞ്ഞാല്‍ ജനുവരി 27-നോ അതിനു ശേഷമോ പവാര്‍ വിഭാഗം ബി ജെ പി നേതൃത്വവുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്.

അടുത്ത അദ്ധ്യക്ഷനായി സ്വയം അവതരിപ്പിച്ചിരുന്ന നിലവിലെ ഉപാധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ലയെ അംഗീകരിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നു എന്നാണ് വിശ്വസനീയമായ സൂചന.

നിലവില്‍, ഒരു ബിനാമി സ്ഥാനാര്‍ത്ഥിയെ ശ്രീനിവാസന്‍ നിര്‍ത്തിയാലും 10-ല്‍ കൂടുതല്‍ അസോസിയേഷനുകളുടെ പിന്തുണയില്ല. പവാറിനൊപ്പം 12 അസോസിയേഷനുകളുണ്ട്. ശ്രീനിവാസന്റെ കൂടെയുള്ള 4 കൂട്ടരെങ്കിലും മറുകണ്ടം ചാടാന്‍ തയ്യാറാണ്. ഝാര്‍ഖണ്ട്, ത്രിപുര, അസം എന്നിവ ഇപ്പോള്‍ത്തന്നെ അടുത്ത കളത്തിലേക്ക് കാല്‍ നീട്ടിക്കഴിഞ്ഞു. അതായത് ഒരു സ്വന്തക്കാരനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രീനിവാസന്റെ തന്ത്രം ഫലിക്കാന്‍ സാധ്യത കുറവാണെന്നാണ്.



ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ദാവോസില്‍ നിന്നും തിരികെയെത്താനാണ് ഇരുവിഭാഗവും കാത്തിരിക്കുന്നത്. ബി സി സി ഐ രാഷ്ട്രീയത്തില്‍ ജെയ്റ്റ്ലി എക്കാലവും സജീവ സാന്നിധ്യമാണ്. പക്ഷേ മോദിയും ഷായും ഏതെങ്കിലും ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചാല്‍ ജെയ്റ്റ്ലിക്ക് അതിനൊപ്പം നില്‍ക്കാതെ മറ്റ് വഴിയൊന്നുമുണ്ടാകില്ല.

സുപ്രീം കോടതി വിധിയോടെ ‘സ്വച്ഛ് ബി സി സി ഐ അഭിയാന്‍’ നടപ്പാക്കാന്‍ മോദിക്ക് അവസരം കിട്ടിയിരിക്കുകയാണെന്ന് ശ്രീനിവാസന്റെ എതിര്‍പക്ഷം പറയുന്നു.

മോദിയും ഷായും വിചാരിച്ചാല്‍ ബി സി സി ഐയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനാകും. പക്ഷേ കഴിഞ്ഞ കാലത്ത് അവര്‍ അത്തരമൊരു താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. മോദി, ഷാ, ജെയ്റ്റ്ലി, പവാര്‍,ശുക്ല എന്നിങ്ങനെ നിരവധി രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റ്  ഭരണമെന്ന ഈ അലങ്കോലത്തിന്റെ ഭാഗമാണ്. എന്നാല്‍ അവരാരും അത് ശുദ്ധീകരിക്കാന്‍  ഒരു ശബ്ദവും ഉയര്‍ത്തിയിട്ടില്ല. അതുകൊണ്ടു ഇത്തവണ അവര്‍ എന്തെങ്കിലും ചെയ്യുമെന്നു കരുതാനും ന്യായമില്ല. പരമാവധി ചെയ്യാന്‍ പോകുന്നത് അവരുടെ രാഷ്ട്രീയം കളിക്കുകയാണ്; അവര്‍ വൈദഗ്ദ്ധ്യം നേടിയ ഏക കല.

No comments:

Post a Comment