Thursday, 29 January 2015

പാടണം സര്‍, പാടി ഇതൊക്കെയാണ് പാട്ടെന്നു പറയിക്കണം..പ്ലീസ്- ലാലിസം വിമര്‍ശിക്കപ്പെടുന്നു

പാടണം സര്‍, പാടി ഇതൊക്കെയാണ് പാട്ടെന്നു പറയിക്കണം..പ്ലീസ്- ലാലിസം വിമര്‍ശിക്കപ്പെടുന്നു


Jan 29 2015 01:42 PM
വി കെ അജിത്‌ കുമാര്‍

മോഹന്‍ലാല്‍ പാടട്ടെ.. ദേശിയ കായികമേളയുടെ ഉദ്ഘാടന വേളയില്‍.. പക്ഷെ അത് പാട്ടായിരിക്കണം. പാട്ടെന്നാല്‍ നൈസര്‍ഗ്ഗികകമായ കഴിവിനെ സാധനയിലൂടെയും താളരാഗ സംയോഗങ്ങളിലൂടെയും പാകപ്പെടുത്തിയെടുക്കുന്ന ഒന്നാണെങ്കില്‍; അത് അപരന്‍റെ  കര്‍ണ്ണങ്ങളെ ആനന്ദിപ്പിക്കുന്നുവെങ്കില്‍; അദ്ദേഹം ഒരാവര്‍ത്തി ആലോചിക്കണം താന്‍ വിനിര്‍ഗ്ഗമിപ്പിക്കുന്ന ശബ്ദം  പാട്ടാണോ എന്ന്. ഒരുപക്ഷെ മലയാള സിനിമയില്‍ പാട്ടിനെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരാള്‍ കാണില്ല. അങ്ങനെയുള്ളപ്പോള്‍ പിന്നെ അദ്ദേഹം പാട്ടിന്‍റെ ലോകം അതിനായി ജനിച്ചവര്‍ക്കു വിട്ടുകൊടുത്ത് ഒരാസ്വാദകനാവുകയാണ് അനുകരണീയമായ മാതൃക. ചലച്ചിത്രത്തിന്‍റെ അനായാസമായ ശൈലിയിലും നാടകലോകത്തിന്‍റെ ആയാസകരമായ വീഥികളിലും ഒരുപോലെ സഞ്ചരിച്ച അദ്ദേഹം തെളിയിച്ചത് അഭിനയത്തിന്‍റെ അതുല്യതയാണ് - നെഞ്ചില്‍ കൈവച്ച് ഓരോ മലയാളിക്കും പറയാം- വെല്ലുവിളിക്കാം മോഹന്‍ലാല്‍  അഭിനയത്തില്‍ ഒരു മഹാപ്രതിഭയാണെന്ന്.

കഴിഞ്ഞ ദിവസമാണ് ഉണ്ണിമേനോന്‍ മലയാള സിനിമാ സംഗിത രംഗത്തെപ്പറ്റി വിഷമത്തോടെ സംസാരിച്ചത് ,കഴിഞ്ഞദിവസമാണ് ഊരാളിക്ക് പാട്ടുവിലക്കേര്‍പ്പെടുത്തിയത്‌. ഇവരെല്ലാം പാടാന്‍ കൊതിക്കുന്നവരാണ്.. നമ്മുടെ തൈക്കുടം ബ്രിഡ്ജ് വരെ. ആടിത്തിമിര്‍ക്കുന്ന ഇവരുടെ പാട്ടും ലാലിസവും തമ്മില്‍ വ്യത്യസ്ഥമാകുന്നതെവിടെ? അത് അതിന്‍റെ രൂപപ്പെടുത്തലിലാണ്. പാട്ടുകള്‍ നൈസര്‍ഗ്ഗികമാകുമ്പോള്‍ അത് റഹ്മാനും .. ഊരാളിയും മറ്റുമാകുന്നു.  പാട്ടുകള്‍ ബ്രാന്റ് ചെയ്യപ്പെടുന്ന പ്രോമോകള്‍ ആകുമ്പോള്‍ അത് റിമി ടോമിയും ലാലിസവുമാകുന്നു. പാട്ടിന്‍റെ ഭംഗിയെ കൊന്നു റിമിടോമി കുറെനാളായി മലയാളികളെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ ഇവിടെ കാര്യങ്ങള്‍ അതിനുമപ്പുറമാണ്. ലാലിസത്തിന്‍റെ പരസ്യ ഗാനത്തില്‍ തന്നെ മോഹന്‍ലാല്‍ അദ്ദേഹത്തിന്‍റെ ആലാപനത്തിലെ പിഴവുകളെല്ലാം വളരെ ഭംഗിയായി പ്രകടിപ്പിക്കുന്നുണ്ട്.



സിനിമകളില്‍  ചില നര്‍മ്മഗാനങ്ങള്‍ അദ്ദേഹത്തിനു വേണ്ടിതന്നെ ലാല്‍  പാടിയിട്ടുണ്ട്. അത് ആ കഥാഗതിയില്‍ ആസ്വദിക്കപ്പെട്ടിട്ടുമുണ്ട്. എന്ന് വെച്ച് അദ്ദേഹം ഒരിക്കലും ഒരു നല്ല ഗായകനല്ല. മാത്രമല്ല അദ്ദേഹത്തിന്‍റെ ഒരു സെല്‍ഫ് പ്രൊമോട്ടിവ് ബ്രാന്‍ഡ്‌ മാത്രമാണ് ലാലിസം. ഒരാള്‍ അയാളെത്തന്നെ മറ്റൊരാളുടെ ചെലവില്‍ ബൂസ്റ്റ്‌ ചെയ്യുന്നതില്‍പരം ദയനീയമായ അവസ്ഥ മറ്റെന്താണുള്ളത്.  പാടാന്‍- പാടി നടക്കാന്‍ പാണനാര്‍ ഇല്ലാത്തതിന്‍റെ വിഷമം സ്വയം ഏറ്റെടുക്കുന്ന അവസ്ഥ. ഇവിടെ പ്രചരിക്കുന്ന കൊച്ചുവര്‍ത്തമാനം അനുസരിച്ച് കോടികളുടെ എഗ്രിമെന്റാണു സുപ്പര്‍ താരവും അനുബന്ധ താരങ്ങളും കൂടി തരപ്പെടുത്തിയിരിക്കുന്നത്. ഷാക്കിറയും ബോണിയം ഗ്രൂപ്പും എല്ലാം കായികമേളകളുടെ ഭാഗമാകുന്നത് അവരുടെ പാട്ടിലെ കഴിവ് കൊണ്ടായിരുന്നു. ഇവിടെ തികച്ചും വ്യത്യസ്തമായ ഒരു തരം തിരഞ്ഞെടുക്കലാണ് നടന്നത്. മേള കൊഴുക്കുവാന്‍ താരത്തെ തന്നെ തിരഞ്ഞെടുക്കുമ്പോള്‍ അനുഗൃഹിത ഗായകര്‍ ഒരു താരത്തിനു പിറകില്‍ മാത്രം നിന്നു നിര്‍വൃതിയടയുവാന്‍ വിധിക്കപ്പെടുന്ന ദയനീയ അവസ്ഥ.

ആസ്വാദനത്തിന്‍റെ തലം വിട്ട് ആഘോഷത്തിന്‍റെ രൂപമായി  മാത്രം കാര്യങ്ങള്‍ മാറുന്ന പുതിയ കേരളത്തില്‍ നിന്നും ഇതില്‍ കുടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍. ഒരു ലജ്ജയുമില്ലാതെ പറയുന്ന മറ്റൊരു കാര്യം ഏ ആര്‍ റഹ്മാന്‍റെ വിടവ് നികത്താന്‍ വേണ്ടിയാണു ലാലിസം എന്നാണ്. ഈ  പ്രസ്താവനയിലെ അറിവില്ലായ്മയാണ് നാം ചോദ്യം ചെയ്യേണ്ടത്. മഹാനായ ആ നടനെങ്കിലും ഇത് തിരുത്തണം. താന്‍ പാട്ടിന്‍റെ ലോകത്ത് റഹ്മാന് പകരക്കാരനല്ല എന്നും അഭിനയത്തില്‍ തനിക്കു പകരക്കാരനല്ല റഹ്മാനെന്നും ഒരിക്കലെങ്കിലും അവരെ പറഞ്ഞു മനസിലാക്കണം. അല്ലെങ്കില്‍  അനുപ് ചന്ദ്രന്‍റെ വാക്കുകള്‍ കടമെടുത്ത് ഇങ്ങനെയും  പറയാം “പാടണം സര്‍... പാടി ഇതൊക്കെയാണ് പാട്ടെന്നു പറയിക്കണം. പ്ലീസ്.. അല്ലെങ്കില്‍ അവര്‍ക്ക് അങ്ങയുടെ പാട്ടും പാട്ടുകാരുടെ പാട്ടും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാതെ വരും.”


*Views are Personal

(ഐ എച്ച് ആര്‍ ഡി യിലെ ഉദ്യോഗസ്ഥനാണ് ലേഖകന്‍)

No comments:

Post a Comment