Saturday, 24 January 2015

സൌദി രാജാവിന്‍റെ മരണം: അധികാര കൈമാറ്റം സുഗമമാകാം; പക്ഷേ സൌദിയെ കാത്തിരിക്കുന്നത് പ്രക്ഷുബ്ധമായ ഭാവി

സൌദി രാജാവിന്‍റെ മരണം: അധികാര കൈമാറ്റം സുഗമമാകാം; പക്ഷേ സൌദിയെ കാത്തിരിക്കുന്നത് പ്രക്ഷുബ്ധമായ ഭാവി


Jan 23 2015 03:16 PM
കെവിന്‍ സുള്ളിവന്‍, ലിസ് സ്ലൈ(വാഷിംഗ്ടണ്‍ പോസ്റ്റ്)
ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുകയും ഇന്ധന വില കുത്തനെ ഇടിയുകയും ചെയ്യുന്ന സാഹചര്യത്തില്‍, മധ്യേഷ്യയിലെ യുഎസിന്റെ ഏറ്റവും ശക്തരായ സുഹൃത്തുക്കള്‍ നിര്‍ണായക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഒരു അധികാര കൈമാറ്റത്തിന് അരങ്ങൊരുക്കിക്കൊണ്ട് സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് വെള്ളിയാഴ്ച രാവിലെ അരങ്ങൊഴിഞ്ഞത്.

90 വയസുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന സൗദി സര്‍വ്വാധിപതിയുടെ പിന്തുടര്‍ച്ചക്കാരനായി അദ്ദേഹത്തിന്റെ സഹോദരന്‍ സല്‍മാന്‍ രാജകുമാരന്‍ സ്ഥാനമേല്‍ക്കുമെന്ന് സൗദി ടെലിവിഷന്‍ അറിയിച്ചു. അങ്ങനെ വരിയാണെങ്കില്‍, ഏറ്റവും വലിയ സുന്നി ശക്തികളും അമേരിക്കയുടെ ഏറ്റവും അടുത്ത അറബ് സഖ്യകക്ഷിയുമായ രാജ്യത്തിന്റെ പരമാധികാരം മറവി രോഗം മൂലം ബുദ്ധിമുട്ടുന്ന 76 കാരനായ ഒരു വൃദ്ധന്റെ കൈകളില്‍ വന്നുചേരും.

പ്രദേശം കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍, 28 മില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തെ നയിക്കാന്‍ എന്നാണ് സൗദി രാജകുടുംബം പുതിയ തലമുറയ്ക്ക് അവസരം നല്‍കുക എന്ന ചോദ്യമാണ് സല്‍മാന്‍ അധികാരമേല്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യം.

സല്‍മാനിലേക്കുള്ള അധികാര കൈമാറ്റം സുഗമമായിരിക്കും എന്ന് റിയാദിലെ നിരീക്ഷകര്‍ പ്രവചിക്കുമ്പോഴും, അദ്ദേഹത്തിന്റെ മോശം ആരോഗ്യ നില പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭരണം തരതമ്യേന ഹ്രസ്വമായിരിക്കും എന്ന് കരുതേണ്ടി വരും. അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കായി ഒരു കലഹം ഉണ്ടാവുകയാണെങ്കില്‍ അത് മധ്യേഷ്യയില്‍ നിര്‍ണായക സമയത്ത് ഒരു വലിയ ശൂന്യത സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. ഇസ്ലാമിക സ്റ്റേറ്റിനെതിരായ യുദ്ധത്തില്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യകക്ഷികളിലെ നിര്‍ണായക അംഗമാണ് സൗദി അറേബ്യ എന്ന് മാത്രമല്ല, ഇന്നലെ നിലംപതിച്ച യമന്‍ സര്‍ക്കാരിന്റെ പ്രധാന മിത്രവുമായിരുന്നു.

'അധികാര കൈമാറ്റം സുഗമമായിരിക്കുമെന്ന് നിരവധി പേര്‍ കരുതുമ്പോഴും, പ്രക്ഷുബ്ദമായ ഭാവിയാണ് സൗദി അറേബ്യയെ കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല'-നിയര്‍ ഈസ്റ്റ് പോളിസിക്കായുള്ള വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധന്‍ സിമോണ്‍ ഹെന്‍ഡെര്‍സണ്‍, സൗദി അധികാരകൈമാറ്റത്തെക്കുറിച്ച് വ്യാഴാഴ്ച നല്‍കിയ ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.



'ഈ പ്രതിസന്ധി ഘട്ടത്തില്‍ മറവി രോഗം ബാധിച്ച ഒരാള്‍ രാജാവാകുന്ന അവസ്ഥ അവരെ സംബന്ധിച്ചിടത്തോളം അവസാനത്തെ ആഗ്രഹമായിരിക്കും',ഹെന്‍ഡെര്‍സണ്‍ പറയുന്നു. 'യമന്‍ ഛിന്നഭിന്നമാകുന്നു, ഐഎസ്‌ഐഎസ് വാതിലില്‍ മുട്ടി വിളിക്കുന്നു....സൗദിയുടെ കാഴ്ചപ്പാടില്‍ അതീവ അപകടകരമായ ഒരു മധ്യേഷ്യയാണ് മുന്നിലുള്ളത്.'

സൗദി പാരമ്പര്യ പ്രകാരം, 1953ല്‍ അന്തരിച്ച രാജ്യത്തിന്റെ സ്ഥാപകന്‍ അബ്ദള്‍ അസീസ് ബിന്‍ സൗദിന്റെ പുത്രന്മാരിലേക്കാണ് കിരീടം കൈമാറപ്പെടുന്നത്. അബ്ദള്‍ അസീസിന്റെ ആറാമത്തെ പുത്രനായ സല്‍മാനാണ് ഇപ്പോള്‍ അധികാരത്തിലേറാന്‍ പോകുന്നത്. അബ്ദുള്‍ അസീസ് മരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഏകദേശം 35 പുത്രന്മാരില്‍, ബാക്കിയുള്ള കുറച്ചുപേര്‍ ആരോഗ്യമുള്ളവരോ അല്ലെങ്കില്‍ കിരീടാവകാശത്തിന് യോഗ്യതയുള്ളവരോ ആണെന്ന് വിലയിരുത്തപ്പെടുന്നു. 
അനന്തരാവകാശം സംബന്ധിച്ച വഴക്കുകള്‍ ഒഴിവാക്കുക എന്ന പ്രത്യക്ഷമായ ഉദ്ദേശത്തോടെയും, തന്റെ പ്രിയപ്പെട്ട കുടുംബശാഖയെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയും കഴിഞ്ഞ വര്‍ഷം അബ്ദുള്ള രാജാവ്, കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് 71 കാരനായ തന്റെ ഇളയ സഹോദരന്‍ മുക്ബറിന്‍ രാജകുമാരനെ സഹായിയായി വാഴിച്ചിരുന്നു.  കഴിവുറ്റവനും സാധാരണ സൗദിക്കാര്‍ക്ക് പ്രിയങ്കരനുമാണ് മുക്ബറിന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്; സൗദി അറേബ്യയുടെ ഏറ്റവും പ്രധാപ്പെട്ട സഖ്യകക്ഷിയായ യുഎസുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന ആളുമാണ് അദ്ദേഹം. എന്നാല്‍ ഓരോ രാജാവിനും സ്വന്തം അനന്തരാവകാശിയെ നിശ്ചിയിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു പാരമ്പര്യത്തെ അബ്ദുള്ള ലംഘിക്കുന്നു എന്നാരോപിച്ച്, തഴയപ്പെട്ട രാജകുമാരന്മാര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നതിന് ഇത് കാരണമായി. മാത്രമല്ല, മുക്വറിന്റെ മാതാവ് ഒരു യമനി വെപ്പാട്ടിയാണെന്നും, സൗദി രാജകുമാരിയല്ലെന്നും, അതിനാല്‍ തന്നെ കിരീടം ധരിക്കാനുള്ള വിശുദ്ധ പാരമ്പര്യം അദ്ദേഹത്തിനില്ല എന്ന് കുടുംബത്തിലെ ചിലരെങ്കിലും വിശ്വസിക്കുകയും ചെയ്തു.
സൗദി രാജവംശത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് ഇബിന്‍ സൗദിന്റെ കാലശേഷം രാജ്യവകാശ പാരമ്പര്യം അദ്ദേഹത്തിന്റെ പുത്രന്മാരിലൂടെയാണ് കൈമാറിവന്നത്. ഒരു സഹോദരനില്‍ നിന്ന് മറ്റൊരു സഹോദരനിലേക്ക് അധികാരം കൈമാറുന്ന സമ്പ്രദായമാണ് സൗദി രാജവംശം ഇപ്പോഴും പിന്തുടരുന്നത്. ഈ സമ്പ്രദായത്തിനെതിരെ ഉയരുന്ന വലിയൊരു ചോദ്യം, എല്ലാ സഹോദരന്മാരും മരണപ്പെട്ടു കഴിഞ്ഞാല്‍ അടുത്ത രാജാവായി ആരുവരുമെന്നാണ്. അടുത്ത തലമുറയിലെ രാജകുമാരന്മാര്‍ക്കിടയില്‍ രാജ്യവകാശ തര്‍ക്കം ഉടലെടുക്കാതെ എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും? ഈ ലിങ്ക് പരിശോധിക്കു...

http://apps.washingtonpost.com/g/page/world/running-out-of-brothers-the-saudi-royal-family/1059/


സൗദി പാരമ്പര്യ പ്രകാരം തന്റെ അനന്തരാവകാശിയെ തീരുമാനിക്കാന്‍ സല്‍മാന് സ്വാതന്ത്ര്യം ഉണ്ടെങ്കിലും, മുക്വറിനെ സഹായി സ്ഥാനത്ത് നിന്നും കിരീടവകാശിയായി അദ്ദേഹം ഉയര്‍ത്തുമെന്നാണ് ഇവിടെ നിലനില്‍ക്കുന്ന വ്യാപക വിശ്വാസം.

അങ്ങനെ ഒരു സാഹചര്യം വരികയാണെങ്കില്‍, മക്വറിന്റെ അനന്തരാവകാശി ആരായിരിക്കും എന്ന കാര്യത്തില്‍ കൂടുതല്‍ സങ്കീര്‍ണമായ പ്രഹേളികയ്ക്കായിരിക്കും സൗദി രാജകുടുംബം ഉത്തരം കാണേണ്ടി വരിക. എന്നാല്‍ അത് അടുത്ത തലമുറയില്‍ നിന്നുള്ള, അതായത് അബ്ദുള്‍ അസീസിന്റെ കൊച്ചുമക്കളില്‍ ഒരാളായിരിക്കും എന്ന കാര്യം ഏകദേശം ഉറപ്പാണ്. എന്നാല്‍ ഈ തലമുറയില്‍ നൂറു കണക്കിന് രാജകുമാരന്മാരാണ് ഉള്ളത്.
അബ്ദുള്ള രാജാവ് സ്ഥാപിച്ച ഒരു ചുമതല കൗണ്‍സിലാണ് അധികാരകൈമാറ്റ പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. നിലവിലെ രാജാവ് മരിക്കുമ്പോള്‍, അബ്ദുള്‍ അസീസിന്റെ എല്ലാ മക്കളും ചെറുമക്കളും ഉള്‍പ്പെടെ 35 മുതിര്‍ന്ന രാജകുമാരന്മാര്‍ ഉള്‍പ്പെടുന്ന ആ കൗണ്‍സില്‍ രഹസ്യയോഗം ചേര്‍ന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നു.

വളരെ വിസ്തൃതമായ അല്‍ സൗദ് കുടുംബത്തില്‍ അന്തഃച്ഛിദ്രം രൂക്ഷമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ ഉരുക്ക് ഭരണം സംരക്ഷിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിന് മുന്നില്‍ അവര്‍ എല്ലായിപ്പോഴും ഒറ്റക്കെട്ടായിരിക്കുമെന്ന് ചരിത്രം തെളിയിക്കുന്നു.

കുടുംബ വഴക്കുകള്‍ കൊട്ടാര വാതിലുകള്‍ക്ക് പിന്നില്‍ തളച്ചിടപ്പെടുമ്പോഴും ചില നിര്‍ണായക നിമിഷങ്ങളില്‍ രാജ്യത്തെ തീരുമാനമെടുക്കല്‍ പ്രക്രിയയെ നിശ്ചലമാക്കാന്‍ ഈ ലഹളകള്‍ക്ക് സാധിച്ചു എന്ന് വരാം.



രാജകുടുംബം അംഗീകരിക്കാന്‍ സാധ്യതയുള്ളതിനേക്കാള്‍ ആഴത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നാണ് ഹെന്‍ഡെര്‍സണ്‍ പറയുന്നത്. രാജ്യം ഭരിക്കാന്‍ വേണ്ട മാനസികാരോഗ്യം സല്‍മാനില്ലെന്ന് ചിലര്‍ സ്വകാര്യമായി വാദിക്കുമ്പോള്‍, തങ്ങളുടെ ഇഷ്ടക്കാരെ മുന്നില്‍ പ്രതിഷ്ഠിക്കാന്‍ മറ്റ് ചില വിഭാഗങ്ങള്‍ ശ്രമിക്കുന്നു.

'നമ്മുടെ യുക്തിയില്‍ ഉറച്ച് നില്‍ക്കാന്‍ ശ്രമിക്കാതെ അവരുടെ യുക്തി മനസിലാക്കാന്‍ ശ്രമിക്കുക എന്നതാണ് ശരിയായ തന്ത്രം,' അദ്ദേഹം പറയുന്നു. 'അവരുടെ യുക്തി വ്യത്യസ്തമാണ്. അനൈക്യം പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് അവര്‍ വെറുക്കുന്നു. അതൊകൊണ്ട് തന്നെ അത് പൂര്‍ണമായി മൂടിവെക്കാന്‍ അവര്‍ ശ്രമിക്കും.'

വളരെ സങ്കീര്‍ണവും കാലപബാധിതവുമായ ഒരു സമയത്ത്, സല്‍മാനെ കടത്തിവെട്ടി മുക്വറിനെയോ അല്ലെങ്കില്‍ അടുത്ത തലമുറയെയോ രാജ്യത്തെ നയിക്കാനുള്ള ചുമതല ഏല്‍പ്പിക്കാനുള്ള തന്റേടം സൗദികള്‍ കാണിക്കുമെന്ന് 'പാശ്ചാത്യ യുക്തി' നിങ്ങളോട് പറയുമെന്ന് ഹെന്‍ഡെര്‍സണ്‍ ചൂണ്ടിക്കാട്ടുന്നു. സൗദി അതിര്‍ത്തിയുടെ ഒരു ഭാഗം ഇസ്ലാമിക് സ്റ്റേറ്റിന് സ്വാധീനമുള്ള ഇറാഖാണ്. മറുഭാഗത്ത്, യമനില്‍ നടക്കുന്ന അധികാരയുദ്ധം തങ്ങളുടെ പ്രാദേശിക ശത്രുക്കളായ ഇറാനെ സഹായിക്കുമെന്ന് സൗദിക്കാര്‍ കരുതുകയും ചെയ്യുന്നു.
'ആരാണ് കഴിവുറ്റവന്‍ എന്നത് നമ്മുടെ കാഴ്ചപ്പാട് മാത്രമാണ്. ഉള്ളിലുള്ളവരുടെ കാഴ്ചപ്പാട് അതായിരിക്കണമെന്നില്ല എന്നതാണ് പ്രശ്‌നം,' ഹെന്‍ഡെര്‍സണ്‍ പറയുന്നു.

No comments:

Post a Comment